ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല;മലേഷ്യ ചരിത്രത്തില്‍ ആദ്യമായി കൂട്ടുകക്ഷി ഭരണത്തിലേക്ക്
ക്വലാലംബൂര്‍: മലേഷ്യ ചരിത്രത്തില്‍ ആദ്യമായി കൂട്ടുകക്ഷി ഭരണത്തിലേക്ക്. സ്വാതന്ത്ര്യം നേടി 60 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ മലേഷ്യ രാഷ്ട്രീയ അനിശ്ചിതത്വത്തിലായത് എന്നതും ശ്രദ്ധേയം.222 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍പ്രധാനമന്ത്രി ഇസ്മാഈല്‍ സാബ്രി യഅ്ഖൂബിന്റെ ബാരിസാന്‍ നാഷനല്‍(ബി.എന്‍) സഖ്യത്തിന് വന്‍ തിരിച്ചടിയാണ് ഏറ്റത്. ഭരണകക്ഷിയായ ബി.എന്‍ സഖ്യം 30 സീറ്റിലേക്ക് ഒതുങ്ങി.
പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീമിന്റെ പകതന്‍ ഹരപന്‍(പി.എച്ച്) സഖ്യമാണ് മുന്നേറ്റമുണ്ടാക്കിയത്. 82 സീറ്റ് സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് അത് എത്തില്ല. മുന്‍ പ്രധാനമന്ത്രി മുഹ്‍യുദ്ദീന്‍ യാസീന്റെ നേതൃത്വത്തില്‍ മലായ് കേന്ദ്രമായുള്ള പെരികതന്‍ നാഷനല്‍(പി.എന്‍) പാര്‍ട്ടി 73 സീറ്റുമായി തൊട്ടുപിന്നിലുമുണ്ട്.മലേഷ്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി സ്വന്തം തട്ടകത്തില്‍ അടിപതറുകയും ചെയ്തു.അതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് അന്‍വര്‍ ഇബ്രാഹീമും മുഹ്‌യുദ്ദീന്‍ യാസീനും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട 111 സീറ്റ് ഉറപ്പായിട്ടുണ്ടെന്ന് അന്‍വര്‍ അവകാശപ്പെട്ടു. ഏതൊക്കെ പാര്‍ട്ടികളാണ് പിന്തുണക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ഇരുവരും.