സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സര്‍ഫിങ് സ്കൂള്‍ ബേപ്പൂരില്‍
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ് സ്കൂള്‍ ബേപ്പൂരില്‍ ആരംഭിക്കുന്നു.ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണിത്.ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിദഗ്ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് 3 മാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നല്‍കിയിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സര്‍ഫിങ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് സര്‍ഫ് ട്രെയിനര്‍മാരായി സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂര്‍ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെല്‍ഫയര്‍ മള്‍ട്ടി പര്‍പസ് സൊസൈറ്റി ആണ് സര്‍ഫിങ് സ്കൂളിന് മേല്‍നോട്ടം വഹിക്കുന്നത്.സര്‍ഫിങ് സ്കൂള്‍ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ ബേപ്പൂരിന് കുതിക്കാനാകും.
സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തിലും മേല്‍നോട്ടത്തിലും പൂര്‍ണ്ണമായും തദ്ദേശ വാസികളുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാരമായ സര്‍ഫിങ് പരിശീലനവും ടൂറിസ്റ്റുകള്‍ക്ക് സര്‍ഫിംഗ് നടത്താനുള്ള സൗകര്യവും ലഭിക്കുന്ന സംവിധാനം ഒരുങ്ങുന്നത്. സ്കൂളിന്റെ ഉദ്ഘാടനം നവംബര്‍ 20 ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗോതീശ്വരം ബീച്ചില്‍ നിര്‍വ്വഹിക്കും.