പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ ഏഴു മുതല്‍
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.നിയമനിര്‍മാണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 23 ദിവസളിലായി 17 സിറ്റിങ്ങുകളാണ് ശൈത്യകാല സമ്മേളനത്തിനുണ്ടാവുക. ഡിസംബര്‍ 29ന് സമ്മേളനം അവസാനിക്കും.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തമാവുന്ന സമയത്താണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനാണ് രണ്ടു സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജ്യസഭയുടെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യസമ്മേളനമാണിത്. രണ്ടുവര്‍ഷമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. ജൂലൈ 18നായിരുന്നു പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. 22 ദിവസം നീണ്ടുനിന്ന സമ്മേളനം ആഗസ്റ്റ് എട്ടിന് അവസാനിച്ചു.