ആദിവാസി – ദലിത് സംഘടങ്ങളുടെ അവകാശ പ്രക്ഷോഭ പ്രഖ്യാപനം 21ന്
കോഴിക്കോട് : ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ആദിവാസി – ദലിത് സംഘടങ്ങളുടെ അവകാശ പ്രക്ഷോഭ പ്രഖ്യാപനം 21ന് കോട്ടയത്ത്.പട്ടിജാതി- വര്‍ഗ വിഭാഗങ്ങളുടെ 30 ഓളം സംഘടനകളുടെ സംയുക്ത സമിതിയാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
1947ന് മുൻപ് വിദേശ കമ്പനികള്‍ക്ക് കേരളത്തിലെ രാജാക്കന്മാരും ജന്മികളും പാട്ടം നല്‍കിയ തോട്ടം ഭൂമി നിയമ നിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് സമ്മേളനത്തിലെ ഒന്നാമത്തെ ആവശ്യം. സ്പെഷ്യല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിദേശ കമ്ബനികള്‍ കൈവശം വെച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി പലരുടെയും അനധികൃത കൈവശത്തിലുണ്ട്. ഈ ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് ദലിത് -ആദിവാസി സംയുക്ത സമിതി ആവശ്യപ്പെടുന്നത്.
പട്ടിജാതി -വര്‍ഗ സംഘടനകള്‍ ഒറ്റക്കെട്ടായി ഈ മുദ്രാവാക്യം ഉയര്‍ത്തുന്നത് ആദ്യമായിട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പട്ടിജാതി- വര്‍ഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യം വേണം. എയ്ഡഡ് മേഖലയിലും സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണമെന്നും സമ്മേളത്തില്‍ ആവശ്യപ്പെടുമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നലശ്രീകുമാര്‍ മാധ്യമത്തോട് പറഞ്ഞു. വിദേശ തോട്ടം ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ പട്ടികജാതി -വര്‍ഗ സംഘടനകള്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ.സുരേഷും പറഞ്ഞു.