
ബിഹാറില്‍ 24 സ്ത്രീകള്‍ക്ക് അനസ്തേഷ്യ നല്‍കാതെ വന്ധ്യംകരണം
പട്ന:ബിഹാറില്‍ അനസ്തേഷ്യ നല്‍കാതെ സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ. അലറിവിളിച്ചവരെ ഓപ്പറേഷന് ടേബിളില്‍ പിടിച്ചുകിടത്തി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.കഖരിയ ജില്ലയിലെ അലൗലി, പര്‍ബത്തത പിഎച്ച്സികളിലാണ് അനസ്തേഷ്യ നല്‍കാതെ 24 സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി എന്‍ജിഒയുടെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണം. 53 പേരെ തെരഞ്ഞെടുത്തതില്‍ 24 പേര്‍ക്കായിരുന്നു ആദ്യഘട്ട ശസ്ത്രക്രിയ. ഇവര്‍ക്കാര്‍ക്കും അനസ്തേഷ്യ നല്‍കിയില്ല. ബ്ലേഡ് കൊണ്ട് ശരീരത്തില്‍ മുറിക്കുന്നത് അറിഞ്ഞിരുന്നെന്നും അസഹ്യമായ വേദനയായിരുന്നെന്നും പരാതി നല്കിയവരില് ഒരാള്‍ പറഞ്ഞു. എന്നാല്‍ അനസ്ത്യേഷ്യ നല്‍കിയിരുന്നെന്നും ചിലരില്‍ ഫലിച്ചില്ലെന്നുമാണ് പിഎച്ച്സികളുടെ വിശദീകരണം. 2012ല്‍ അരാരിയ ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു.