തുര്‍ക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്‍
ടെഹ്‌റാന്‍: തുര്‍ക്കിയില്‍ നടന്ന കുര്‍ദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈല്‍ ആക്രമണവുമായി ഇറാന്‍.
കുര്‍ദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കന്‍ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് സ്ഥിരീകരിച്ചു.
വടക്കന്‍ ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് ഭീകരരെ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രതികരണം. കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് അഞ്ച് മിസൈലുകള്‍ വന്നു പതിച്ചതായി കുര്‍ദിഷ് ഇറാഖിലെ കോയ്‌സംഗ്ജഖ് മേഖലയുടെ മേയര്‍ താരിഖ് അല്‍-ഹൈദാരി അറിയിച്ചു. കൂടാതെ ഇറാഖിലെ കുര്‍ദിഷ് ആധിപത്യമുള്ള മറ്റ് മേഖലകളിലും ആക്രമണം നടന്നതായി മേയര്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനവാരവും സമാനമായ രീതിയില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം ഇറാന്‍ നടത്തിയിരുന്നു. കുര്‍ദിസ്ഥാന്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം ഹിജാബിനെതിരായ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും ഇറാനില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന വനിതകളുടെ പ്രക്ഷോഭത്തില്‍ കര്‍ശനമായ നടപടിയാണ് ഇറാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കൊലപ്പെടുത്തിയ മഹ്‌സി അമിനിയെന്ന 22-കാരി ഇറാനില്‍ സ്ഥിരതാമസമാക്കിയ കുര്‍ദിഷ് വനിതയായിരുന്നു. ഇവരുടെ കൊലപാതകത്തിന് പിന്നാലെയാണ് രാജ്യത്ത് നടപ്പിലാക്കുന്ന നിര്‍ബന്ധിത വസ്ത്രധാരണ നിയമത്തിനെതിരെ വനിതകള്‍ രംഗത്തെത്തിയത്.