രാജീവ് ഗാന്ധി വധം; ജയില്‍ മോചിതരായ നാല് ശ്രീലങ്കന്‍ പൗരന്‍മാരെ നാടുകടത്തും

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയില്‍ മോചിതരായ ശ്രീലങ്കന്‍ പൗരന്‍മാരെ നാടുകടത്തും.കേസില്‍ പ്രതികളായിരുന്ന മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് നാടുകടത്തുന്നത്. നാല് പേരെയും പത്ത് ദിവസത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കയിലേക്ക് അയക്കാനാണ് തീരുമാനം. നിലവില്‍ നാല് പേരും തിരുച്ചിയിലെ പ്രത്യേക ക്യാമ്പില്‍ താമസിക്കുകയാണ്.

നാടുകടത്തല്‍ സംബന്ധിച്ച്‌ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് തിരുച്ചി കലക്ടര്‍ എം പ്രദീപ് കുമാര്‍ വ്യക്തമാക്കി. ശ്രീലങ്കയുമായി ഇക്കാര്യം സംബന്ധിച്ച്‌ ആശയവിനിമയങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവര്‍ വ്യക്തമാക്കി.

മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷമായി ജയിലിലാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്.

1991 മെയ് 21ന് ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച്‌ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *