
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്ക,പരാതി നല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്ക. 67.04 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.2017 നെ അപേക്ഷിച്ച് ഒമ്ബത് ശതമാനം കുറവാണ് പോളിങ്ങില്‍ രേഖപ്പെടുത്തിയത്.ഹിമാചല്‍ പ്രദേശിനെ ഇളക്കി മറിച്ച് ഒരു മാസം പ്രചാരണം നടന്നെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നതാണ് വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. ഇത് ബിജെപിയേയും, കോണ്‍ഗ്രസിനേയും ഒരു പോലെ ആശങ്കയിലാക്കുന്നു. കനത്ത തണുപ്പാണ് പോളിങ് ശതമാനം കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. തുടര്‍ഭരണം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പി പ്രതീക്ഷിച്ചത് 75 ശതമാനത്തിന് മുകളില്‍ പോളിങ്ങാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഭരണ വിരുദ്ധ വികാരത്തിന് പുറമെ റിബല്‍ ശല്യവും ബി.ജെ.പിക്ക് തലവേദനയാണ്. ഉയര്‍ന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.
പുതിയ പെന്‍ഷന്‍ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. അതേസമയം, രാംപൂരില്‍ വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ട് പോയത് സ്വകാര്യ വാഹനത്തിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വകാര്യ വാഹനത്തില്‍ ഇവിഎം കയറ്റുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ തേടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി.