യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍
വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍. നേവാഡ സംസ്ഥാനത്ത് സെനറ്റര്‍ കാതറീന്‍ കോര്‍ട്ടസ് മാസ്റ്റോ വിജയിച്ചതോടെയാണ് സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞത്.
അതേസമയം, യു.എസ് ജനപ്രതിനിധി സഭയയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം പിടിക്കുമെന്നാണ് സൂചന. ജനപ്രതിനിധിസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നത് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. രണ്ട് വര്‍ഷം കൂടി അധികാരം ബാക്കിയുള്ള ബൈഡന് ഇത് കൂടുതല്‍ കരുത്ത് നല്‍കും.
നിലവില്‍ 100 അംഗ സെനറ്റില്‍ 48 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കും 50 സീറ്റുകള്‍ റിപ്പബ്ലിക്കന്മാര്‍ക്കുമാണ്. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരാണ്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 220 സീറ്റും റിപ്പബ്ലിക്കന് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്ബുള്ള അഭിപ്രായസര്‍വേകള്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് വിജയം പ്രവചിച്ചത്.