ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ
അബുദാബി: ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്.പുനരുപയോഗ ഊര്‍ജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മ്മാണം, സ്റ്റാര്‍ട്ടപ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് യുഎഇ നിക്ഷേപം നടത്തിയത്.
ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്‍വാധികം ശക്തിപ്പെട്ടതായി അദ്ദേഹം അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ ത്രിദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് മേഖലാ കമ്പനികളും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശൈഖ് മുഹമ്മദ് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, അബുദാബി ഹിന്ദു മന്ദിര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ മേധാവി സ്വാമി ബ്രഹ്മ വിഹാരി ദാസ്, ക്രെഡായ് പ്രസിഡന്റ് ഹര്‍ഷ് വര്‍ദ്ധന്‍ പട്ടോഡിയ, നിയുക്ത പ്രസിഡന്റ് ബൊമന്‍ ഇറാനി, ചെയര്‍മാന്‍ സതീഷ് മഗര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.