ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികര്‍ നൈജീരിയയിലേക്ക്

കൊച്ചി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരുമായുള്ള കപ്പല്‍ നൈജീരിയയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്.മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പല്‍ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയില്‍ എത്തിയിരുന്നു.

ഗിനി സേന കസ്റ്റഡിയിലെടുത്ത ‘എം.ടി ഹീറോയിക് ഇദുന്‍’ എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്ക് കൈമാറിയിരുന്നു. നേരത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ കപ്പലിലേക്ക് മാറ്റി. ശേഷം നൈജീരിയന്‍ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിര്‍ത്തി ലംഘിച്ച്‌ ക്രൂഡോയില്‍ ശേഖരിച്ചെന്നും സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.

ഗിനി വിട്ടാല്‍ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികന്‍ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയന്‍ സേനയ്ക്ക് കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തതായാണ് സൂചന.

നാവികരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചിരുന്നു. നൈജീരിയയിലെയും ഗിനിയിലെയും എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാനീക്കം പുരോഗമിക്കുന്നത്. നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *