കാലാവസ്ഥ വ്യതിയാനം;കാര്‍ഷിക മേഖലക്ക് യു.എ.ഇ-യു.എസ് ഫണ്ട് ഇരട്ടിയാക്കി

അബൂദബി: കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന രീതികള്‍ പ്രോത്സാഹിപ്പിക്കാനായി ഏര്‍പ്പെടുത്തിയ യു.എ.ഇ-യു.എസ് സംയുക്ത ഫണ്ട് ഇരട്ടിയാക്കി.അഗ്രികള്‍ച്ചര്‍ ഇന്നൊവേഷന്‍ മിഷന്‍(എയിം ഫോര്‍ ക്ലൈമറ്റ്) എന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ നാലു ശതകോടി ഡോളര്‍ വകയിരുത്തിയ ഫണ്ട് എട്ടു ശതകോടി ഡോളറാക്കി വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും അതിന്‍റെ പ്രത്യാഘാതങ്ങള്‍ തടയാനും ദാരിദ്ര്യം കുറക്കാനും സഹായിക്കുന്ന പദ്ധതികളിലേക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്.

ചെറുകിട കര്‍ഷകര്‍, പ്രത്യേകിച്ച്‌ സ്ത്രീകള്‍, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കമ്യൂണിറ്റികള്‍ എന്നിവക്കാണ് ഫണ്ട് നല്‍കിവരുന്നത്. ഇതിനകം 275 സര്‍ക്കാര്‍, സര്‍ക്കാറിതര പങ്കാളികള്‍ക്ക് ഫണ്ടിലൂടെ സഹായം ലഭിച്ചിട്ടുണ്ട്. ബിസിനസുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, തിങ്ക്താങ്ക് സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇതിലൂടെ സഹായം ലഭിച്ചിട്ടുണ്ട്. യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്. 90 ശതമാനം ഭക്ഷ്യോല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വിവിധ മേഖലകളില്‍ നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവരുന്നുണ്ട്. വരണ്ട കാലാവസ്ഥയും കുറഞ്ഞ മഴയുമുള്ള രാജ്യമായതിനാല്‍ വെര്‍ട്ടിക്ള്‍ ഫാമുകളുടെയും മണ്ണുപയോഗിക്കാത്ത ഹൈഡ്രോപോണിക്‌സ് രീതിയുടെയും ഉപയോഗത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *