
ആധാര്‍വിവരങ്ങള്‍ പുതുക്കല്‍ നിര്‍ബന്ധമല്ല -കേന്ദ്രം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി സമര്‍പ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും 10 വര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതികവിദ്യ മന്ത്രാലയം വ്യക്തത വരുത്തി.സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് വിജ്ഞാപനമെന്ന ആക്ഷേപങ്ങള്‍ക്ക് വിരാമമിട്ടാണ് കേന്ദ്രം വ്യക്തതവരുത്തിയത്.
ആധാര്‍ കിട്ടി 10 വര്‍ഷമായാല്‍ അതിലെ വിവരങ്ങള്‍ തെളിവോടുകൂടി പുതുക്കണമെന്ന് വ്യാഴാഴ്ച കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 10 വര്‍ഷം കൂടുമ്ബോള്‍ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും സമര്‍പ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. ആധാറിലെ വിവരങ്ങള്‍ എല്ലാ പൗരന്മാരും പുതുക്കണമെന്ന് യു.ഐഡി.എ.ഐ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ മാസം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍, രേഖകള്‍ പുതുക്കല്‍ നിര്‍ബന്ധമല്ലെങ്കിലും അത് പ്രോത്സാഹിപ്പിക്കാനാണ് വിജ്ഞാപനം എന്നാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.