
അര്‍ബുദ ചികിത്സക്ക് കോവിഡ് വാക്‌സിന്‍ ഗുണകരമായെന്ന് പഠനം
കോവിഡ് വാക്‌സിന്‍ അര്‍ബുദ ചികിത്സക്ക് ഗുണകരമായെന്ന് പഠനം. ജര്‍മനിയിലെ ബോണ്‍, ചൈനയിലെ ഷാന്‍ഷി സര്‍വകലാശാലകള്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.നാസോഫറിംഗല്‍ അര്‍ബുദ മരുന്നുകള്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിച്ചവരില്‍ കൂടുതല്‍ ഫലപ്രദമായെന്നാണ് ഗവേഷകര്‍ അറിയിച്ചത്. തൊണ്ടയ്ക്ക് ബാധിക്കുന്നതാണ് നാസോഫറിംഗല്‍ അര്‍ബുദം. ഇതിനെതിരെയുള്ള ചികിത്സ വാക്‌സിന്‍ സ്വീകരിക്കാത്ത രോഗികളേക്കാള്‍ വാക്‌സിനെടുത്തവര്‍ക്കാണ് ഫലപ്രദമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
‘പല അര്‍ബുദ കോശങ്ങളും ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കഴിവുള്ളവയാണ്. ഇങ്ങനെയുള്ളവയെ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കാനാകും. ട്യൂമറിനെതിരെ കൂടുതല്‍ ഫലപ്രദമായി പോരാടാന്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കും’ ബോണ്‍ യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.കോവിഡ് വാക്‌സിന്‍ രോഗപ്രതിരോധ സംവിധാനത്തിന് സഹായകരമായാണ് പ്രവര്‍ത്തിക്കുക. ആന്‍റി പിഡി വണ്‍ തെറാപ്പിയെന്ന രോഗ പ്രതിരോധ രീതിയ്ക്ക് വാക്‌സിന്‍ ഉപദ്രവകരമാകുമോയെന്ന് നേരത്തെ ഭയന്നിരുന്നവെന്ന് ബോണ്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുളാര്‍ മെഡിസിന്‍ ആന്‍ഡ് എക്‌സ്പിരിമെന്‍റല്‍ ഇമ്യൂണോളജിയിലെ ഡോ. ജിയാന്‍ ലീ പറഞ്ഞു.
23 ആശുപത്രികളില്‍ നാസോഫറിംഗല്‍ അര്‍ബുദ രോഗത്തിന് ചികിത്സക്കപ്പെട്ട 1537 പേരെ നിരീക്ഷിച്ചാണ് പഠനം നടന്നതെന്ന് സയന്‍സ് അലേര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. 373 പേര്‍ അര്‍ബുദ രോഗ ചികിത്സക്ക് മുമ്ബേ ചൈനയില്‍ നിന്ന് നിര്‍മിച്ച സിനോവോക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ നന്നായി ആന്‍റി പിഡി വണ്‍ തെറാപ്പിയോട് പ്രതികരിച്ചതായി ബോണ്‍ യൂനിവേഴ്‌സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് ക്രിസ്റ്റിയന്‍ കുര്‍ട്‌സ് പറഞ്ഞു. അവര്‍ക്ക് ഗുരുതര അനന്തര ഫലങ്ങള്‍ നേരിടേണ്ടി വന്നില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ലോകത്തിലെങ്ങും കോവിഡ് വാക്‌സിന്‍ ചര്‍ച്ച വിഷയമാണ്. മില്യണ്‍ കണക്കിന് ജനങ്ങളെ വാക്‌സിന്‍ കോവിഡ് മഹാമാരി മൂലമുള്ള മരണത്തില്‍ നിന്ന് രക്ഷിച്ചതായാണ് നിരീക്ഷിക്കപ്പെടുന്നത്.