ഡല്‍ഹി മദ്യ നയം; 100 കോടിയുടെ കൈക്കൂലി ഇടപാട് നടന്നെന്ന് ഇ.ഡി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ വിവാദ മദ്യ നയത്തില്‍ 100 കോടിരൂപ കൈക്കൂലിയായി നല്‍കപ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്.സിസോദിയ അടക്കം 36 ഉന്നതര്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനായി 140 ഓളം മൊബൈല്‍ ഫോണുകള്‍ മാറ്റിയെന്നും ഇ.ഡി ആരോപിച്ചു.
അതേസമയം, സിസോദിയ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ഇ.ഡിയും സി.ബി.ഐയും പല തവണ സിസോദിയയുടെ വീടും ഓഫീസും പരിസരവും റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ അദ്ദേഹത്തിനെതിരായി തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ സിസോദിയക്ക് പിന്തുണ നല്‍കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആപ്പ് നേതാക്കള്‍ക്കെതിരെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആക്രമണമാണ് ഇതെന്ന് കെജ്രിവാള്‍ ആരോപിച്ചു.
മദ്യ നയവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സി ആരോപണവുമായി രംഗത്തെത്തിയത്. പെന്‍നോഡ് റികാര്‍ഡ് എന്ന മദ്യക്കമ്ബനിയുടെ ജനറല്‍ മാനേജര്‍ ബിനോയ് ബാബു, അരബിന്ദോ ഫാര്‍മയുടെ ഡയറക്ടര്‍ പി. ശരത്ചന്ദ്ര റെഡ്ഢി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.
റെഡ്ഢിക്ക് മദ്യ വില്‍പ്പനക്കായി അഞ്ച് റീട്ടെയ്ല്‍ സോണുകള്‍ അനുവദിച്ചിരുന്നു. നിയമപ്രകാരം രണ്ടെണ്ണം മാത്രമാണ് അനുവദനീയമെന്നിരിക്കെയായിരുന്നു ഇത്. അതായത് ഡല്‍ഹിയിലെ മദ്യ വില്‍പ്പനയുടെ 30 ശതമാനവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇത്തരത്തില്‍ വില്‍പ്പന സൗകര്യം ലഭിക്കുന്നതിനായി ആകെ 100 കോടിയോളം രൂപ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് റെഡ്ഢി നല്‍കിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപേരും മദ്യനയം രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്യായമായി ഇടപെട്ടുവെന്നും ആരോപണമുണ്ട്. മദ്യ നയം പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ ചില മദ്യ നിര്‍മാണ ശാലകള്‍ക്ക് അവ ചോര്‍ത്തി നല്‍കിയെന്നും ഇ.ഡി ആരോപിച്ചു.