ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാനും യു.എസും
മസ്‌കത്ത്: അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും യു.എസ് വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കനും ചര്‍ച്ച നടത്തി.1958 ഡിസംബര്‍ 20ന് ഒപ്പുവെച്ച സൗഹൃദ ഉടമ്പടി, സാമ്പത്തിക ബന്ധങ്ങള്‍, കോണ്‍സുലര്‍ അവകാശങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിന്‍റെ ഭാഗമായായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച. വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം എന്നിവയില്‍ കേന്ദ്രീകരിക്കുന്ന മൂന്ന് വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ചര്‍ച്ച. വര്‍ക്കിങ് ഗ്രൂപ്പുകള്‍ യോഗം ചേരുകയും ലക്ഷ്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്യും. യു.എസിലെ ഒമാന്റെ അംബാസഡര്‍ മൂസ ബിന്‍ ഹംദാന്‍ അല്‍ തെയ്, മന്ത്രിയുടെ ഓഫിസ് മേധാവി ഖാലിദ് ബിന്‍ ഹാശില്‍ അല്‍ മസ്‍ലിഹി എന്നിവര്‍ സംബന്ധിച്ചു.
പ്രാദേശിക സുരക്ഷയില്‍ അമേരിക്കയും ഒമാനും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തം ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ ബഖര്‍ നമാസിയെ ഇറാനില്‍നിന്ന് മോചിപ്പിക്കാന്‍ ഒമാന്‍ വഹിച്ച പങ്കിന് സ്റ്റേറ്റ് സെക്രട്ടറി നന്ദി അറിയിക്കുകയും ചെയ്തു. യമനിലെ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി അന്തോണിയും വിദേശകാര്യ മന്ത്രി സയ്യിദ് ബദറും ആവര്‍ത്തിച്ചു.യമന്റെ സമഗ്രത, പരമാധികാരം, സ്വാതന്ത്ര്യം എന്നിവക്ക് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. വാണിജ്യ അവസരങ്ങള്‍ വിപുലപ്പെടുത്താനുള്ള 2009ലെ യു.എസ്-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാറും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.