പ്രതീക്ഷ നല്‍കി ബ്രിട്ടീഷ് -ഐറിഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച

ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴിതുറക്കുന്നു.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് സൂചന.ബ്ലാക്ക്പൂളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.ഈ ആഴ്ച ആദ്യം ഈജിപ്തില്‍ നടന്ന സി ഒ പി 27 ഉച്ചകോടിയില്‍ ഈ വിഷയം ഇരുവരും ലഘുവായി ചര്‍ച്ച ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച.

പ്രശ്നങ്ങള്‍ സുഗമമായി പരിഹരിക്കാമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി സുനക് നല്‍കിയതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.എക്‌സിക്യൂട്ടീവിന്റെ പുനസ്ഥാപനത്തിലൂടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.വെല്ലുവിളികളെക്കുറിച്ച്‌ നല്ല ധാരണയുണ്ടെന്നും അവയെ കുറച്ചുകാണുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ നിശ്ചയദാര്‍ഢ്യമുണ്ട്.എത്രയും വേഗത്തില്‍ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതായും മാര്‍ട്ടിന്‍ പറഞ്ഞു.കാലാവസ്ഥ, ഊര്‍ജ്ജ ചെലവുകള്‍, ഉക്രെയ്ന്‍ യുദ്ധം എന്നിവയെക്കുറിച്ചെല്ലാം ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

നോര്‍ത്തേണ്‍ അയര്‍ലണ്ടിനെക്കുറിച്ച്‌ ഋഷി സുനക്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബിസിനസ്സുകളിലും കുടുംബങ്ങളിലും പ്രോട്ടോക്കോളിനുള്ള യഥാര്‍ഥമായ സ്വാധീനം എല്ലാവരുടെ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.യുണൈറ്റഡ് കിംഗ്ഡത്തിലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുന്നത് ഭീഷണിയാണ്. അതിനാല്‍ എത്രയും വേഗം അത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്.

ബെല്‍ഫാസ്റ്റ് ഗുഡ്ഫ്രൈഡേ ഉടമ്ബടിയോട് പ്രതിജ്ഞാബദ്ധതയുണ്ട്.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കാണണം. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ആവശ്യപ്പെടുന്നതും അതാണ്.ഈ വിഷയങ്ങളെല്ലാം പ്രധാനമന്ത്രി മാര്‍ട്ടിനുമായി ചര്‍ച്ച നടത്തി.ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും.

15 വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി -ഐറിഷ് കൗണ്‍സിലില്‍

2007ന് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അതിനാല്‍ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത് .യുകെയിലെയും അയര്‍ലണ്ടിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുകയെന്നതാണ് ഗുഡ് ഫ്രൈഡേ കരാറിന്റെ ഭാഗമായ ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സിലിന്റെ ലക്ഷ്യം.

നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, ഐല്‍ ഓഫ് മാന്‍, ജേഴ്‌സി, ഗുര്‍ണ്‍സി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ഐറിഷ്, യുകെ സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സില്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എക്‌സിക്യൂട്ടീവില്ലാത്തതിനാല്‍ രണ്ട് ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ അവിടെ നിന്നും പ്രതിനിധികള്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

സുനക് ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത് വളരെ സ്വാഗതാര്‍ഹമാണെന്നും നല്ല ലക്ഷണമാണെന്നും വരാനിരിക്കുന്ന മികച്ച ബന്ധത്തിന്റെ സൂചനയാണെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.ഇരു പ്രധാനമന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ച പ്രതീക്ഷദായകമാണെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ക്രിസ് ഹീറ്റണ്‍-ഹാരിസ് പറഞ്ഞു

Sharing

Leave your comment

Your email address will not be published. Required fields are marked *