യു.കെയുടെ ചരിത്രത്തിലാദ്യം; നഴ്‌സുമാര്‍ സമരത്തിലേക്ക്
ലണ്ടന്‍: ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് യു.കെയിലെ പതിനായിരക്കണക്കിന് നഴ്സുമാര്‍ ആദ്യമായി സമരത്തിന്.കഴിഞ്ഞ വര്‍ഷം 25,000 നഴ്സുമാരാണ് തൊഴില്‍വിട്ടത്. അതിനാല്‍ ഒഴിവുകള്‍ ഏറെയാണ്. സര്‍ക്കാര്‍ നടപടികള്‍, കോവിഡ് മഹാമാരി, ജീവനക്കാരുടെ കടുത്ത ക്ഷാമം എന്നിവയാല്‍ ബുദ്ധിമുട്ട് നേരിടുന്ന ആരോഗ്യമേഖലക്ക് പണിമുടക്ക് ഭീഷണി ഉയര്‍ത്തുന്നു.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴിലുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലെ (എന്‍.എച്ച്.എസ്) നഴ്‌സുമാര്‍ സമരത്തെ പിന്തുണക്കുന്നതായി തൊഴിലാളി യൂനിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍.സി.എന്‍) അറിയിച്ചു. മൂന്നുലക്ഷത്തിലധികം അംഗങ്ങളുള്ള ആര്‍.സി.എന്നിന്റെ 106 വര്‍ഷത്തെ ചരിത്രത്തിലാദ്യമായുള്ള പണിമുടക്ക് വര്‍ഷാവസാനത്തിന് മുമ്ബ് ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍.എച്ച്.എസിലെ നഴ്‌സുമാരുടെ ശമ്പളം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 20 ശതമാനം വരെ കുറഞ്ഞു. പണപ്പെരുപ്പത്തേക്കാള്‍ അഞ്ച് ശതമാനം ശമ്പള വര്‍ധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും വസ്ത്രം വാങ്ങാനും നഴ്‌സുമാര്‍ ഭക്ഷണം ഒഴിവാക്കുകയാണെന്നും വര്‍ധിച്ചുവരുന്ന ഗതാഗതച്ചെലവ് താങ്ങാന്‍ പാടുപെടുകയാണെന്നും എന്‍.എച്ച്.എസ് മേധാവികള്‍ പറഞ്ഞു.
നാലിലൊന്ന് ആശുപത്രികളും ജീവനക്കാര്‍ക്കായി ഫുഡ് ബാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇംഗ്ലണ്ടിലെ ആശുപത്രികളെ പ്രതിനിധാനംചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊവൈഡേഴ്സ് പറയുന്നത്.പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന ഊര്‍ജച്ചെലവ് എന്നിവയാല്‍ ശമ്പളം നല്‍കാനാവാതെ യു.കെയിലെ വ്യവസായ, സര്‍വീസ് മേഖലകളില്‍ ഉടനീളം അതൃപ്തി പുകയുകയാണ്. രണ്ടാഴ്ച മുമ്ബ് പ്രധാനമന്ത്രിയായ സുനക് ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ്.
രാജ്യത്തിന്റെ ധനസ്ഥിതി നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. 900 കോടി ബ്രിട്ടീഷ് പൗണ്ട് (10.25 ബില്യണ്‍ ഡോളര്‍) ചെലവ് കണക്കാക്കുന്ന ആവശ്യങ്ങള്‍ പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.