യുക്രെയ്നിലെ പ്രാദേശിക തലസ്ഥാനമായ ഖേഴ്സണില്‍നിന്ന് പിന്‍വാങ്ങാന്‍ സൈന്യത്തോട് ഉത്തരവിട്ട് റഷ്യ
കിയവ്: പിടിച്ചെടുത്ത യുക്രെയ്നിലെ ഏക പ്രാദേശിക തലസ്ഥാനമായ ഖേഴ്സണില്‍നിന്ന് പിന്‍വാങ്ങാന്‍ സൈന്യത്തോട് ഉത്തരവിട്ട് റഷ്യ.എന്നാല്‍, റഷ്യന്‍ നടപടിയെ സംശയത്തോടെ കാണുന്ന യുക്രെയ്ന്‍ ഇക്കാര്യത്തില്‍ കരുതലോടെയാണ് നീങ്ങുന്നത്. യുക്രെയ്ന്‍ സേനയെ ആകര്‍ഷിച്ച് കെണിയിലാക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തല്‍. ഇതുവരെ, റഷ്യ പൂര്‍ണമായി നഗരം വിട്ടുപോകുന്നതിന്റെ സൂചനകളില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് അറിയിച്ചു.
ബുധനാഴ്ച റഷ്യ നിയോഗിച്ച ഖേഴ്സണിലെ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ കിറില്‍ സ്ട്രെമോസോവ് കാറപകടത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം വന്നത്. മരണം റഷ്യ നിയോഗിച്ച ഗവര്‍ണര്‍ വ്ലാദിമിര്‍ സാല്‍ഡോ സ്ഥിരീകരിച്ചു. ആഗസ്റ്റില്‍ സാല്‍ഡോയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ സൈന്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നതിന്റെ തെളിവാണിതെന്ന് വൈറ്റ് ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.