കാല്‍ പന്ത് കളിയെ വരവേറ്റ് ഖത്തര്‍; ലോകകപ്പ് ഫുട്ബാള്‍ കിക്കോഫിന് ഇനി പത്തു ദിനം
ദോഹ: ജീവന്‍തുടിക്കുന്ന ചിത്രങ്ങളായി ലയണല്‍ മെസ്സിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഹാരി കെയ്നും തലയുയര്‍ത്തി നില്‍ക്കുന്ന ദോഹ നഗരം ഇനി പത്തുനാളിനപ്പുറം പന്തുകളിയുടെ പോരിശയേറിയ പറുദീസ.
തിരയടങ്ങിയ അറേബ്യന്‍ ഉള്‍ക്കടലോരത്ത് കാല്‍പന്തിന്റെ ആവേശക്കടല്‍ തീര്‍ത്ത് ദോഹ കോര്‍ണിഷില്‍ ആരാധകത്തിരയിളക്കം. പത്തു പകലിരവുകള്‍ പെയ്തുതീരുമ്ബോള്‍ കളിയുടെ മാഹമേളക്ക് പന്തുരുണ്ടു തുടങ്ങും.
തിളച്ചുമറിയുന്ന ഫുട്ബാള്‍ ആവേശത്തിലേക്ക് ആദ്യ ടീമായി ജപ്പാന്റെ ബ്ലൂ സാമുറായ്സ് ചൊവ്വാഴ്ച പുലര്‍ച്ച ദോഹയില്‍ പറന്നിറങ്ങി. ലയണല്‍ മെസ്സിയും സംഘവും എത്തും മുമ്ബേ കോച്ച് ലയണല്‍ സ്കലോണിയുടെ നേതൃത്വത്തില്‍ പരിശീലകരും മെഡിക്കല്‍ സംഘവും എത്തി. രണ്ടാമത്തെ ടീമായി കോണ്‍കകാഫ് ചാമ്ബ്യന്മാരായ അമേരിക്ക വ്യാഴാഴ്ച ദോഹയിലെത്തും. രണ്ടും ദിനം കഴിഞ്ഞ് യൂറോപ്പിലെയും മറ്റും ലീഗ് ഫുട്ബാള്‍ സീസണുകള്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ ടീമുകളും താരങ്ങളുമെല്ലാം എത്തുന്നതോടെ ഖത്തര്‍ ലോകത്തിന്റെ ഹൃദയഭൂമിയായി മാറും.
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലയണല്‍ മെസ്സിയുടെ അര്‍ജന്റീന 16ന് അബൂദബിയില്‍നിന്നും നേരിട്ട് ദോഹയിലെത്തും.