തിരുവനന്തപുരം കോര്‍പ്പറേഷനിൽ സംഘര്‍ഷം,പോലീസ് ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍.പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പോലീസ് നിര്‍ദാക്ഷിണ്യം പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
കത്ത് വിവാദത്തെ തുടര്‍ന്ന് നാലാം ദിവസമാണ് പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് മര്‍ദ്ദിച്ചെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെബി മേത്തറിനെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്ഥലത്തുണ്ട്. കണ്ണീര്‍ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടതില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.