യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്ക-റഷ്യ രഹസ്യചര്‍ച്ച നടന്നു
ന്യുയോര്‍ക്ക്: യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ രഹസ്യചര്‍ച്ച. വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള ചര്‍ച്ചാവഴികള്‍ തുറന്നുകിടക്കുകയാണെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സ്ഥിരീകരിച്ചു.യുക്രെയ്നില്‍ ആണവായുധ പ്രയോഗം ഒഴിവാക്കാന്‍ അമേരിക്ക റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചതിനു പിന്നാലെയാണു സള്ളിവന്‍റെ പ്രതികരണം. അമേരിക്ക മുന്‍കൈയെടുത്താണു ചര്‍ച്ച നടത്തുന്നതെന്നും ആരുമായാണ് ഇടപെടുന്നതെന്നു തങ്ങള്‍ക്കു നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അടുത്തിടെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളയ് പട്രുഷേവ്, വിദേശനയ ഉപദേഷ്ടാവ് യൂരി യുഷക്കോവ് എന്നിവരുമായി സള്ളിവന്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്.