ജി 20 ലോഗോയില്‍ താമര; ബിജെപിക്ക് എതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായുള്ള ലോഗോയില്‍ താമര ഉള്‍പ്പെട്ടതില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.ഉച്ചകോടിയുടെ ലോഗോയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉള്‍പ്പെട്ടത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപിയും പ്രധാനമന്ത്രിയും സ്വയം പ്രൊമോട്ട് ചെയ്യാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ലെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്‌സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞിദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ജി 20 ലോഗോ ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഭൂമിയെ അടയാളപ്പെടുത്താനാണ് വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയെ ലോഗോയില്‍ ഉള്‍പ്പെടുത്തിയതെന്നും വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.
’70 വര്‍ഷം മുന്‍പ് കോണ്‍ഗ്രസിന്റെ പതാക ഇന്ത്യയുടെ ദേശീയ പതാകയാക്കാമെന്ന നിര്‍ദേശം നെഹ്‌റു നിരാകരിച്ചു. എന്നാല്‍ ഇന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയില്‍ ഇടംപിടിച്ചു. ലജ്ജയില്ലാതെ സ്വയം പ്രമോട്ട് ചെയ്യാനുള്ള ഒരു അവസരവും മോദിയും ബിജെപിയും നഷ്ടമാക്കില്ല’-കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ട്വിറ്ററില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഇന്തോനേഷ്യയില്‍ നിന്ന് ജി 20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.