ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ യുയു ലളിതിന്റെ പിന്‍ഗാമിയായാണ്ഡി ചന്ദ്രചൂഡ് സ്ഥാനമേറ്റത്. രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയില്‍ അദ്ദേഹത്തിനു രണ്ട് വര്‍ഷം കാലാവധിയുണ്ട്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് ആയിരിക്കും വിരമിക്കുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.എ ബി വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 2013 ഒക്ടോബര്‍ 31ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.