വിദ്യാഭ്യാസം കച്ചവടമല്ല; ട്യൂഷന്‍ ഫീസ് കൊള്ളവേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രൊഫണല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസുകള്‍ താങ്ങാവുന്നത് ആകണമെന്ന് സുപ്രീംകോടതി.വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള ബിസിനസ് അല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മെഡിക്കല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസ് പ്രതിവര്‍ഷം 24 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നായാരണ മെഡിക്കല്‍ കോളജിനും ആന്ധ്രാ സര്‍ക്കാരിനും അഞ്ച് ലക്ഷം രൂപ പിഴയും ജസ്റ്റിസുമാരായ എം ആര്‍ ഷായും സുധാംശു ധൂലിയയും അടങ്ങിയ ബെഞ്ച് വിധിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ പണം കോടതി രജിസ്റ്ററിയില്‍ അടയ്ക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
പ്രതിവര്‍ഷം 24 ലക്ഷം രൂപയായി ഫീസ് വര്‍ധിപ്പിക്കുന്നത് നേരത്തെ നിശ്ചയിച്ച ഫീസിന്റെ ഏഴിരട്ടി കൂടുതലാണ്. ഇത് ന്യായീകരിക്കാവുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള കച്ചവടമല്ല. ട്യൂഷന്‍ ഫീസ് എല്ലായ്‌പ്പോഴും താങ്ങാനാവുന്നത് ആയിരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ട്യൂഷന്‍ ഫീസ് നിശ്ചയിക്കുമ്ബോള്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം, കോഴ്സിന്റെ സ്വഭാവം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിറ്റി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.