വിഴിഞ്ഞം; സംയമനം പാലിക്കുന്നത് സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: തീരദേശ മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുടെ പന്തല്‍ പൊളിക്കാതെ സംയമനം പാലിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.കോടതി ഉത്തരവ് ലംഘിച്ച്‌ സമരക്കാര്‍ നിര്‍മാണം സ്തംഭിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെങ്കില്‍ കേന്ദ്ര സഹായം ആവശ്യപ്പെടണമെന്ന് അദാനി ഗ്രൂപ്.

കേന്ദ്രസേന വേണമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാറും. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തി സമരം നടത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാറുകാരും നല്‍കിയ ഹരജിയിലാണ് ബന്ധപ്പെട്ടവര്‍ നിലപാടുകള്‍ അറിയിച്ചത്. അതേസമയം, നവംബര്‍ ഏഴിനകം തുറമുഖ നിര്‍മാണ സ്ഥലത്തേക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാകാത്തതില്‍ ജസ്റ്റിസ് അനു ശിവരാമന്‍ അതൃപ്തി രേഖപ്പെടുത്തി.

തിങ്കളാഴ്ച ഹരജി പരിഗണിക്കവെ, സമരക്കാരുടെയും സര്‍ക്കാറിന്‍റെയും നടപടി കോടതിയലക്ഷ്യമാണെന്ന് ഹരജിക്കാര്‍ വാദിച്ചു. നിര്‍മാണ സ്ഥലത്തേക്ക് തൊഴിലാളികളെയും വാഹനങ്ങളെയും കടത്തിവിടുന്നില്ല. ആയിരക്കണക്കിനാളുകള്‍ നൂറിലധികം ദിവസമായി സമരത്തിന്‍റെ പേരില്‍ അതിക്രമം തുടരുകയാണെന്ന് കുറ്റപ്പെടുത്തിയ ഹരജിക്കാര്‍ തുടര്‍ന്നാണ് കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനകം തടസ്സങ്ങള്‍ നീക്കി നിര്‍മാണം സുഗമമായ രീതിയില്‍ നടക്കാന്‍ സൗകര്യമൊരുക്കണമെന്ന ഉത്തരവ് കഴിഞ്ഞയാഴ്ച കോടതി നല്‍കിയിരുന്നു.

ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും സമരക്കാര്‍ക്കും ഇല്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍, സംസ്ഥാനങ്ങളില്‍ സങ്കീര്‍ണ സാഹചര്യങ്ങളുള്ളപ്പോഴാണ് കേന്ദ്ര സേന ഇടപെടുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യം നിലവിലുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി എ.ഡി.ജി.പി ചെയര്‍മാനായ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് സഹിതം സംസ്ഥാനം ആവശ്യപ്പെടണമെന്നും വ്യക്തമാക്കി.

ഗര്‍ഭിണികളും വയോധികരും അടക്കം സമരപ്പന്തലില്‍ ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ ഇതുവഴി വന്നിട്ടില്ലെന്നും വ്യക്തമാക്കി. സമരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയെങ്കിലും ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.

Sharing

Leave your comment

Your email address will not be published. Required fields are marked *