ഹിജാബ് വിരുദ്ധ പ്രക്ഷോഭം;ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് മുന്നൂറ്റി നാല് പ്രതിഷേധക്കാര്‍
ടെഹ്റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ ഭരണകൂട അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 304 പേര്‍.നോര്‍വേ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണു കണക്ക് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ 41 കുട്ടികള്‍ ഉള്‍പ്പെടുന്നതായി ഇറേനിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.
സെപ്റ്റംബര്‍ 16ന് ടെഹ്റാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെത്തുടര്‍ന്നാണ് ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കുറഞ്ഞ കാലയളവിനുള്ളില്‍, 2009ലെ പ്രക്ഷോഭത്തിനുശേഷം ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായി ഇതുമാറി.പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍സേന വന്‍തോതില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആയിരങ്ങളെ അറസ്റ്റ് ചെയ്ത് തടവിലാക്കി.
22 പ്രവിശ്യകളിലായാണ് 304 പേര്‍ കൊല്ലപ്പെട്ടത്. സിസ്തന്‍, ബലൂചിസ്ഥാന്‍, മസന്ദാരന്‍, ടെഹ്റാന്‍, ജിലന്‍, കുര്‍ദിസ്ഥാന്‍ പ്രവിശ്യകളിലാണു കൂടുതലാളുകള്‍ മരിച്ചത്. സെപ്റ്റംബര്‍ 21, 22, 30 തീയതികളിലാണ് കൂടുതല്‍ മരണങ്ങളുണ്ടായതെന്നും മനുഷ്യാവകാശ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.