കത്ത് വിവാദം; തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീമിനെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മുറിക്കകത്ത് പൂട്ടിയിട്ടപ്പോള്‍ ഇത് സി.പി.എം കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ കാണാനെത്തിയ വയോധികക്ക് സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവ പെന്‍ഷന്റെ കാര്യം അന്വേഷിക്കാനാണ് ഇവര്‍ എത്തിയിരുന്നത്. വയോധിക ഉള്‍പ്പെടെ നിരവധി പേര്‍ മുറിയിലിരിക്കുമ്ബോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുറി പൂട്ടിയത്. പ്രതിഷേധം കണ്ട് ചിലര്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി.
രാവിലെ പ്രകടനമായെത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കോര്‍പറേഷന്റെ പ്രധാന കെട്ടിടത്തിലെ ഗ്രില്‍ തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഗേറ്റ് തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതോടെയുണ്ടായ ഉന്തിനും തള്ളിനും ഇടയിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ പൂട്ടിയിട്ടത്.പൊലീസെത്തി ബി.ജെ.പി കൗണ്‍സിലര്‍മാരെ നീക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തളര്‍ന്നു വീഴുകയും ചെയ്തു. തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അല്‍പസമയത്തിനുശേഷം വീണ്ടും അകത്തേക്ക് കടന്ന് പ്രതിഷേധിച്ചപ്പോള്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ നേരിട്ടു.
വനിത കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗ്രില്ലിന്റെ പൂട്ട് തകര്‍ക്കാനും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. സി.പി.എം കൗണ്‍സിലര്‍മാര്‍ ഇതിനെ ചെറുത്തു. ഒരു ബി.ജെ.പി കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ബി.ജെ.പിക്കാര്‍ ആക്രമിച്ചതായി സി.പി.എം വനിത കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.