യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം പ്രതിരോധിക്കുമെന്ന് ഉത്തര കൊറിയ
പോങ്യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തെ സൈനിക നടപടികളിലൂടെ പ്രതിരോധിക്കുമെന്നറിയിച്ച് ഉത്തര കൊറിയ.ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ഏറ്റവും വലിയ വ്യോമസേനാ അഭ്യാസം അവസാനിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ ഇതിനുള്ള മറുപടിയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ശത്രുക്കളുടെ പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ എത്രത്തോളം തുടരുന്നുവോ, അതിനനുസരിച്ച് തന്നെ അവരെ നേരിടും. B-1B ഹെവി ബോംബറുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യു.എസ്- ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. 2017 ഡിസംബറിന് ശേഷം ആദ്യമായാണ് B-1B യുദ്ധവിമാനം കൊറിയന്‍ ഉപദ്വീപിലേക്ക് എത്തുന്നത്.ഉത്തരകൊറിയയുടെ ഏത് പ്രകോപനത്തെയും ശക്തമായി നേരിടുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. അതേസമയം, അടുത്തിടെയുണ്ടായ സംഭവങ്ങളെ പരാമര്‍ശിച്ച്, ഉത്തരകൊറിയ നടത്തുന്നത് പ്രാദേശിക അധിനിവേശമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ പറഞ്ഞു.