സൗദിയും തുര്‍ക്കിയയും മാധ്യമരംഗത്ത് കൈകോര്‍ക്കുന്നു
യാംബു: സൗദി അറേബ്യയും തുര്‍ക്കിയയും തമ്മിലുള്ള മാധ്യമരംഗത്തെ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.ഇതു സംബന്ധിച്ച സുപ്രധാന കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു. എസ്.പി.എ പ്രസിഡന്‍റ് ഫഹദ് ബിന്‍ ഹസന്‍ അല്‍-അഖ്റാന്‍, സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ ഫഹദ് അല്‍-ഹാരിതി, ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമീഷന്‍ സി.ഇ.ഒ എസ്ര അശ്ശേരി, ഇന്റര്‍നാഷനല്‍ മീഡിയ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍-ഗാംദി, തുര്‍ക്കിയയിലെ പ്രസിഡന്‍ഷ്യല്‍ കമ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖാഗതയ് ഓസ്‌ഡെമിര്‍, തുര്‍ക്കിയയിലെ സൗദി അംബാസഡര്‍ ഫാത്തിഹ് ഉലുസോയ് എന്നിവരുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
വാര്‍ത്തവിനിമയം, വാര്‍ത്ത ഏജന്‍സികള്‍, റേഡിയോ, ടി.വി, മാധ്യമ നിയന്ത്രണം, അന്താരാഷ്‌ട്ര മാധ്യമ ബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചയില്‍ ഊന്നല്‍ നല്‍കിയത്. യൂറോപ് ഊര്‍ജത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ ബൃഹത്തായ പദ്ധതി ഒരുങ്ങുന്നതിനാല്‍ സൗദി അറേബ്യയും മറ്റു രാജ്യങ്ങളുമായി തുര്‍ക്കിയ കൂടുതല്‍ മേഖലയില്‍ സഹകരണം തേടുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
സൗദിയും തുര്‍ക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വിവിധ മേഖലകളില്‍ ശക്തമാക്കാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെ ബന്ധം നന്നാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയും ജി20 ഉച്ചകോടിയില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.