യു.എ.ഇയില്‍ വിസ കാലാവധി കഴിഞ്ഞാല്‍ ദിവസവും 50 ദിര്‍ഹം പിഴ
ദുബൈ: യു.എ.ഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടക്കണം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് 100 ദിര്‍ഹമായിരുന്നു നേരത്തെ പിഴ.ഇത് 50 ദിര്‍ഹമായി കുറച്ചു. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25 ദിര്‍ഹമില്‍ നിന്ന് 50 ദിര്‍ഹമായി ഉയര്‍ത്തി.
ഓവര്‍ സ്റ്റേ നിരക്ക് ഏകീകരിച്ചതോടെയാണ് സന്ദര്‍ശക വിസക്കാരുടെ പിഴ കൂടിയതും താമസക്കാരുടേത് കുറഞ്ഞതും. യു.എ.ഇ വിസകളില്‍ കഴിഞ്ഞമാസം മൂന്ന് മുതല്‍ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഓവര്‍സ്റ്റേ പിഴകളും മാറുന്നത്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ദിവസങ്ങളും ഓവര്‍ സ്റ്റേയായി കണക്കാക്കും.
വിസ പുതുക്കാനുള്ള അപേക്ഷ നടപടിക്രമങ്ങള്‍ ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ ശരിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപേക്ഷ റദ്ദാകും. മൂന്ന് തവണയില്‍ കൂടുതല്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും. ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഓണ്‍ലൈന്‍, അധികൃതരുടെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഹാപ്പിനസ് സെന്‍റര്‍ എന്നിവ വഴി പിഴ അടക്കാം.
കഴിഞ്ഞ മാസം നടപ്പില്‍ വന്ന നിര്‍ദേശമനുസരിച്ച് റസിഡന്‍സി വിസക്കാര്‍ക്ക് കാലാവധി അവസാനിച്ച് ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളില്‍ രാജ്യം വിടുകയോ, പുതിയ വിസ എടുക്കുകയോ ചെയ്യണം. മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസവും ആശങ്കയും പകരുന്നതാണ് വിസ പിഴയിലെ മാറ്റം.