പട്ടയ ഭൂമി വ്യവസ്ഥയില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍; ക്വാറി ഉടമകളെ സഹായിക്കാനെന്ന് വിമര്‍ശനം
തിരുവനന്തപുരം: പട്ടയ ഭൂമി ചട്ടങ്ങളുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തം.
ഇന്നലെ സുപ്രിംകോടതിയിലാണ് ക്വാറി ഉടമകള്‍ക്ക് അനുകൂലമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കൃഷിക്ക് നല്‍കിയ പട്ടയം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കൃഷിക്കും വീട് നിര്‍മാണത്തിന് മാത്രം നല്‍കിയ പട്ടയത്തിന്റെ ചട്ടവ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സുപ്രിംകോടതിപോലും ഇന്നലെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് വാദിച്ചതോടെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് അനുകൂലമായാണ് വിധിയുണ്ടായത്. ഈ വിധിയെ ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രിംകോടതിയില്‍ എത്തിയത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള എല്ലാ അനുമതികളും നേടിയതായി ക്വറി ഉടമകള്‍ അറിയിച്ചു. എന്നാല്‍, പട്ടയ ഭൂമിക്കാരെ പ്രതിനിധികരിച്ച അഭിഭാഷകന്‍ ജയിംസ് പി തോമസ് 1960ലെ ഭൂപതിവ് നിയമവും 1964 ലെ ചട്ടവും ലംഘിയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ചട്ടം ഭേഭഗതി ചെയ്യാമെന്നു സര്‍ക്കാര്‍ വാക്കാല്‍ വ്യക്തമാക്കിയത്.
നയം മാറ്റം തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ അഭിപ്രായം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.