ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍; ഹൈക്കോടതി വിധികള്‍ ഭാഗികമായി ശരിവെച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: പി എഫ് പെന്‍ഷന്‍ കേസില്‍ കേരള,രാജസ്ഥാന്‍,ഡല്‍ഹി ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രിംകോടതി.ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷനായി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളം,ഡല്‍ഹി രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളുടെ ഈ ഉത്തരവിനെതിരെ ഇപിഎഫ്‌ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലു കളാണ് സുപ്രിം കോടതി പരിഗണിച്ചത്.
15000 മേല്‍പരിധി ഏര്‍പ്പെടുത്തിയത് റദ്ദാക്കി 1.16 ശതമാനം വിഹിതം നല്‍കണമെന്ന നിര്‍ദേശവും തള്ളിയിട്ടുണ്ട്. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാന്‍ കോടതി അനുമതി നല്‍കി . വിധി നടപ്പാക്കുന്നത് ആറ് മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ശമ്ബളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രിംകോടതി ഭാഗികമായി ശരിവെച്ചു.
അതേസമയം, അവസാന അഞ്ചു വര്‍ഷത്തെ ശമ്ബളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ നല്‍കിയാല്‍ മതി. വരുമാന പരിധിയും അഞ്ച് വര്‍ഷത്തെ ശമ്ബള ശരാശി എന്ന കണക്കെടുപ്പും റദ്ദാക്കിയ കേരളഹൈക്കോടതി വിധിയെ ഭാഗികമായി ശരിവെക്കുകയായിരുന്നു സുപ്രിംകോടതി.
കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരം കൂടി നല്‍കി. ആറ് മാസത്തെ സമയമാണ് അനുവദിച്ചത്. അതായത്, ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഇക്കാലയളവിനുള്ളില്‍ നല്‍കാവുന്നതാണ്. ഭേദഗതി നിലവില്‍ വരുന്നതിനു മുന്‍പ് വിരമിച്ചവര്‍ക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ല. പെന്‍ഷന്‍ പദ്ധതിയില്‍ 2014ല്‍ വരുത്തിയ ഭേദഗതി പൂര്‍ണമായി റദ്ദാക്കുന്നതായിരുന്നു കേരള, രാജസ്ഥാന്‍ ഹൈക്കോടതികളുടെ വിധി. ഭേദഗതി നിയമപരമായി നിലനില്‍ക്കുമെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.
കേസില്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് ലളിതിനു പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രണ്ടാഴ്ചയോളം അപ്പീലില്‍ വാദം കേട്ടിരുന്നു. ആഗസ്ത് 11നാണ് വാദം പൂര്‍ത്തിയാക്കിയത്.