വായു മലിനീകരണം; ഡല്‍ഹിയില്‍ ശനിയാഴ്ച മുതല്‍ പ്രൈമറി സ്കൂളുകള്‍ അടക്കും
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.വായു ഗുണനിലവാര സൂചികയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ഗുരുതര വിഭാഗത്തിലാണ് ഡല്‍ഹിയുടെ സ്ഥാനം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്. നഗരത്തിലെ വായുമലിനീകരണ തോത് കുറയുന്നത് വരെ അഞ്ചു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ സ്പോര്‍ട്സ് പോലുള്ള ഔട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും കെജ്രിവാള് പറഞ്ഞു.
സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള സമയമല്ല ഇത്. പരിഹാരമാര്‍ഗത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്-അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ വായുമലിനീകരണത്തിന് ഒരു പരിധി വരെ കാരണം പഞ്ചാബ് ആണെന്ന് ആരോപണമുണ്ട്.