പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല.അതേസമയം, ധനവകുപ്പിന് ലഭിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവും പറഞ്ഞു.
122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരെ രംഗത്തുവന്നിരുന്നു.