കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി:കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രിംകോടതി.ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കലാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന്റെതാണ് നീരീക്ഷണം. പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു.

ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച്‌ അറിവുണ്ടായിട്ടും അധികൃതരെ അറിയിക്കാതിരുന്ന ഡോക്ടര്‍ക്കെതിരായ എഫ്‌ഐആറും കുറ്റപത്രവും റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. കഴിഞ്ഞ ഏപ്രിലിലായിരുന്നു എഫ്‌ഐആറും കുറ്റപത്രവും റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നത്. കേസിലെ മറ്റ് പ്രതികളുടെ കുറ്റപത്രവും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ശരിയാണെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാല്‍, അറിവുണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും 28 പേജുള്ള വിധിയില്‍ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി വിധി.

രാജുരയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 17 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തിയതായും ഇവരെ ചികിത്സയ്ക്കായി മെഡിക്കല്‍ പ്രാക്ടീഷണറെ നിയമിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം മെഡിക്കല്‍ പ്രാക്ടീഷണറെ അറിയിച്ചതായി ഇരകളായ 17 പേരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ ഡോക്ടര്‍ അറിയിച്ചില്ലെന്നതുമായിരുന്നു കേസ്.

Sharing

Leave your comment

Your email address will not be published. Required fields are marked *