അയര്‍ലണ്ടില്‍ ജീവനക്കാര്‍ക്ക് ടിപ്പുകള്‍ നിയമപരമാക്കുന്നു
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജീവനക്കാര്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് (ടിപ്പുകള്‍) നിയമപരമാക്കുന്നതിന് ഡിസംബര്‍ ഒന്നുമുതല്‍ പേമെന്റ് ഓഫ് വേജസ് ആക്‌ട് എന്ന പേരില്‍ പുതിയ നിയമം വരുന്നു.ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെയര്‍ഡ്രെസിംഗ്, ടാക്്സി, ഡെലിവറി സേവനങ്ങള്‍ എന്നിവിടങ്ങളിലാണ് പുതിയ നിയമം പ്രധാനമായും ബാധകമാവുക. ഭാവിയില്‍ ഇത്തരത്തിലുള്ള ബിസിനസുകള്‍ ഈ വിഭാഗത്തിലുണ്ടായാല്‍ അവയും ഈ നിയമത്തിന് കീഴില്‍ വരും.
ജീവനക്കാര്‍ക്ക് ഇലക്‌ട്രോണിക് രൂപത്തില്‍ നല്‍കുന്ന ടിപ്പുകളും ഗ്രാറ്റുവിറ്റികളും നിയമപരമായ അവകാശമാക്കുന്നതാണ് ഈ നിയമം. ടിപ്പുകള്‍, ഗ്രാറ്റുവിറ്റികള്‍, നിര്‍ബന്ധിത നിരക്കുകള്‍ എന്നിവ ജീവനക്കാര്‍ക്കിടയില്‍ എങ്ങനെ പങ്കിടുന്നുവെന്ന് തൊഴിലുടമകള്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതുമുണ്ട്.ഇതില്‍ വീഴ്ച വരുത്തിയാല്‍ പിഴയും നല്‍കേണ്ടി വരും.പുതിയ നിയമത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി തയ്യാറെടുക്കുന്നതിന് തൊഴിലുടമകള്‍ക്ക് ഡിസംബര്‍ 1 വരെ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് ന്യായമായ രീതിയില്‍ ഈ പേമെന്റുകള്‍ നല്‍കണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു.ഇലക്‌ട്രോണിക് മാര്‍ഗ്ഗങ്ങളിലൂടെയും അല്ലാതെയുമായി ലഭിക്കുന്ന ടിപ്പ്, ഗ്രാറ്റ്വിറ്റി എന്നിവ ജീവനക്കാരന്റെ സീനിയോറിറ്റി ,എക്സ്പീരിയന്‍സ്, അവര്‍ മുഖേനയുണ്ടായ വില്‍പ്പനയുടെ മൂല്യം, ജോലി ചെയ്ത മണിക്കൂറുകളുടെ ദൈര്‍ഘ്യം എന്നിവയെ അടിസ്ഥാനമാക്കി പങ്കുവെയ്ക്കും.
ടിപ്പുകളുടെ ന്യായമായ വിതരണം ഉറപ്പാക്കുന്നതിനാണ് പുതിയ നിയമമെന്ന് എന്റര്‍പ്രൈസ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.ഈ നിയമം എങ്ങനെയാണ് ബാധിച്ചതെന്ന് ഒരു വര്‍ഷത്തിന് ശേഷം വിലയിരുത്തണമെന്നും പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.