
ഗവര്‍ണറുടെ നോട്ടീസ്; വിസിമാര്‍ക്ക് മറുപടി നല്കാന് സമയം നീട്ടിനല്‍കി ഹൈക്കോടതി
കൊച്ചി: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടീസില്‍ മറുപടി നല്കാന് സര്‍വകലാശാല വിസിമാര്‍ക്ക് തിങ്കളാഴ്ച വരെ സമയം നീട്ടിനല്‍കി ഹൈക്കോടതി.
കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണം.
ഇന്ന് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നോട്ടീസിന് എതിരെ സര്‍വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എതിര് സത്യവാങ്മൂലം നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതി സമയം അനുവദിച്ചു. രണ്ട് വിസിമാര്‍ വിശദീകരണം നല്‍കിയെന്ന് ആരിഫ് മുഹമ്മദ് ഖാന് കോടതിയെ അറിയിച്ചു. വിസിമാരുടെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഒമ്ബതു വിസിമാര്‍ക്കാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്കുകയല്ലേ വേണ്ടത് എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജിക്കാരോട് ചോദിച്ചിരുന്നു.