മുന്‍ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് വെടിയേറ്റു;ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്; മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് വെടിയേറ്റു. കാലിനാണ് വെടിയേറ്റത്. പാകിസ്താന്‍ ഇ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി റാലിക്കിടെയാണ് ആക്രമണം.ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റതായാണ് വിവരം. ഗുജ്‌റങ് വാലിയില്‍ രാജ്യതലസ്ഥാനത്തിലേക്കുള്ള ലോങ്മാര്‍ച്ചില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ്.
റാലി വസീറാബാദിലെ സഫര്‍ അലിഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രസംഗവേദിയിലേക്കെത്താന്‍ കണ്ടെയ്‌നറില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇമ്രാന് വെടിയേറ്റത്. മുന്‍ പ്രധാനമന്ത്രിയുടെ മേല്‍ പൂക്കളിട്ട് ആദരമര്‍പ്പിക്കുന്നുവെന്ന വ്യാജേനയാണ് ആക്രമണം. കാലില്‍ നാല് ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ ഇമ്രാനെ കൂടാതെ സിന്ധ് മുന്‍ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍,മുതിര്‍ന്ന നേതാവ് ഫൈസല്‍ ജാവേദ് എന്നിവരുള്‍പ്പെടെ 15 ലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.സംഭവത്തില്‍ തോക്കുധാരിയായ ഒരാളെ പിടികൂടിയതായാണ് വിവരം. ഒരാള്‍ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റ ഇമ്രാന്‍ ഖാനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്താനില്‍ അടിയന്തര തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇമ്രാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലി ശക്തമാകുന്നതിനിടെ സംഭവിച്ച ആക്രമണം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കരിനിഴലിലാഴ്‌ത്തിയിരിക്കുകയാണ്.