ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി;ഡിസംബര്‍ ഒന്നിനും അഞ്ചിനും
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. ആദ്യഘട്ടം ഡിസംബര്‍ ഒന്നിന്. രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിന്.ഫലം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലവും ഡിസംബര്‍ എട്ടിനാണ് പ്രഖ്യാപിക്കുക.
ആദ്യ ഘട്ടത്തില്‍ 89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 93 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ അഞ്ചിന് പുറത്തിറങ്ങും. രണ്ടാം ഘട്ടം നവംബര്‍ 10ന്. ഒന്നാം ഘട്ട നാമ നിര്‍ദേശ പത്രിക നവംബര്‍ 14നും രണ്ടാം ഘട്ടം നവംബര്‍ 18നും സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 15, 18തിയതികളില്‍ നടക്കും. പത്രിക നവംബര്‍ 17, 21 തിയതികളില്‍ പിന്‍വലിക്കാം.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി) ആപ്പും പുറത്തിറക്കും. സ്ഥാനാര്‍ഥിയുടെ സ്വത്ത് വിവരങ്ങള്‍, ക്രിമിനല്‍ കേസുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ആപ്പുവഴി വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും. നിയമ ലംഘനം റിപ്പോര്‍ട്ട് ചെയ്യാനും പ്രത്യേക ആപ്പ് തയാറാക്കും.