പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് ; ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും
ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് സംഭവിക്കും. ആരംഭ ഘട്ടത്തില്‍ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗ്രഹണം കാണാന്‍ സാധിക്കും.
കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പൂര്‍ണഗ്രഹണം കാണാന്‍ സാധിക്കുക. എന്നാല്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും. കൊല്‍ക്കത്ത, സിലുഗുരി, പട്ന, റാഞ്ചി, ഗുവാഹട്ടി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഓരോ നഗരങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയങ്ങള്‍ അറിയാം.
ദില്ലി (ഭാഗിക ചന്ദ്രഗ്രഹണം):
വൈകുന്നേരും 05:32 ന് തുടങ്ങി 06:18 ന് അവസാനിക്കും.
കൊല്‍ക്കത്തയിൽ വൈകീട്ട് 4:56 മുതല്‍ വൈകീട്ട് 6:18 വരെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ബെംഗളൂരുവില്‍ 5:53 മുതല്‍ 6ഛ18 വരേയും ചെന്നൈയില്‍ 5:42 മുതല്‍ 6:18 വരേയും ഭാഗിക ചന്ദ്രഗ്രഹണം കാണാം. ഗുവാഹട്ടിയില്‍ 4:37 മുതല്‍ 6: 18 വരെ നീണ്ട് നില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക.
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയിലായിരിക്കും.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. 2025 ലാണ് ഇന്ത്യയില്‍ ഇനി പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. എന്നാല്‍ 2023 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ഭാഗിക ഗ്രഹണം കൂടി ദൃശ്യമായേക്കും.