
സേവ സ്ഥാപക ഇള ഭട്ട് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭമായ സേവയുടെ (സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ)സ്ഥാപകയുമായ ഇള ഭട്ട് അന്തരിച്ചു.പത്മഭൂഷന്‍ ജേതാവാണ്. 89 വയസായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ്.
വിമന്‍സ് വേള്‍ഡ് ബാങ്കിങ്ങിന്റെ സ്ഥാപകരില്‍ ഒരാളാണ്. 1996ലെ വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാന്‍ പ്രധാനകാരണം ഇളയുടെ ഇടപെടലായിരുന്നു. സ്ത്രീകള്‍ നിയമരംഗത്തേക്ക് കടന്നുവരാതിരുന്ന 1950കളിലാണ് ഇള നിയമ ബിരുദം നേടിയത്.പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളി സംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു ഇളയുടെ പ്രവര്‍ത്തനം. സ്ത്രീകള്‍ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി.
തന്റെ ആരാധ്യവനിതകളില്‍ ഒരാളാണ് ഇള ഭട്ടെന്ന് യു.എസ് വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ വാഷിങ്ടണില്‍ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു.അഞ്ചു ദശകം മുമ്ബ് അവര്‍ തുടങ്ങിവെച്ച സേവ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.