അഭയാര്‍ഥികളുടെ വരവ് അധിനിവേശമെന്ന് യു.കെ ആഭ്യന്തര മന്ത്രി

ലണ്ടന്‍: അഭയാര്‍ഥികളുടെ വരവിനെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിച്ച യു.കെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാനെതിരെ പ്രതിപക്ഷവും അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും രംഗത്ത്.രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതമായെന്നും അഭയാര്‍ഥികള്‍ക്കായുള്ള സംവിധാനം തകര്‍ന്ന നിലയിലാണെന്നും മന്ത്രി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പറഞ്ഞു.

ഇംഗ്ലീഷ് ചാനല്‍വഴി നിരവധി പേരാണ് ചെറുബോട്ടുകളില്‍ എത്തുന്നത്. അവര്‍ക്കെല്ലാം പാര്‍പ്പിടം നല്‍കാനാകില്ല. ദക്ഷിണതീരത്തെ അധിനിവേശം തടയുന്നത് ആരാണ് ഗൗരവമായെടുക്കുന്നതെന്നും ആരാണ് അത് അവഗണിക്കുന്നതെന്നും ബ്രിട്ടീഷ് ജനത അറിയേണ്ടതുണ്ടെന്നും ഇന്ത്യയില്‍ വേരുള്ള ബ്രേവര്‍മാന്‍ പറഞ്ഞു.

ഈ വര്‍ഷം മാത്രം ദക്ഷിണ തീരത്ത് 40,000 പേരെത്തി. ഇതില്‍ ക്രിമിനല്‍ സംഘങ്ങളില്‍പെട്ടവരും ഉണ്ട്. അതുകൊണ്ട്, ഇംഗ്ലണ്ടിലെത്തുന്നവരെല്ലാം അഭയാര്‍ഥികളാണ് എന്ന ധാരണ നമ്മള്‍ മാറ്റണം. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഈ കാര്യം അറിയാം. പ്രതിപക്ഷം അറിഞ്ഞില്ലെന്ന് നടിക്കുകയാണ് -അവര്‍ പറഞ്ഞു.

മന്ത്രിക്കെതിരെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയും രംഗത്തെത്തി. ഗുരുതര സ്വഭാവമുള്ള പരാമര്‍ശമാണ് മന്ത്രിയുടേതെന്ന് ലേബര്‍ പാര്‍ട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ദക്ഷിണതീരത്തെ അഭയാര്‍ഥികേന്ദ്രത്തില്‍ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത് രാജ്യത്തെ നടുക്കിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *