പരസ്പരം മിസൈല്‍ തൊടുത്ത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും
സിയോള്‍: ദക്ഷിണകൊറിയയിലേക്ക് മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം. കൊറിയന്‍ യുദ്ധവിരാമത്തിന് ശേഷം ചരിത്രത്തിലാദ്യമായി ദക്ഷിണകൊറിയയുടെ സമുദ്രാതിര്‍ത്തിക്ക് സമീപനം ഉത്തരകൊറിയയുടെ മിസൈല്‍ പതിക്കുന്നത്.
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ അയച്ചത്. ദക്ഷിണകൊറിയന്‍ നഗരമായ സോക്ചോയില്‍ നിന്നും 60 കിലോമീറ്റര്‍ മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ എത്തിയത്.
ഉത്തരകൊറിയക്കുള്ള മറുപടിയായി ദക്ഷിണകൊറിയ മൂന്ന് മിസൈലുകള്‍ തിരിച്ചയച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തിയിലാണ് ദക്ഷിണകൊറിയ അയച്ച മിസൈലുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബുധനാഴ്ച രാവിലെ 10ഓളം മിസൈലുകള്‍ ഉത്തരകൊറിയ തൊടുത്തുവെന്നാണ് ജപ്പാനും ദക്ഷിണകൊറിയയും ആരോപിക്കുന്നത്. ദക്ഷിണകൊറിയയും യു.എസും സൈനിക പരിശീലനത്തില്‍ നിന്നും പിന്മാറണമെന്നാണ് ഉത്തരകൊറിയയുടെ പ്രധാന ആവശ്യം.
ഇരുകൊറിയയകളും തമ്മിലുള്ള അനൗദ്യോഗിക അതിര്‍ത്തിയായ നോര്‍ത്തേണ്‍ ലിമിറ്റ് ലൈനില്‍ നിന്നും 26 കിലോ മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്ന് ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവി അറിയിച്ചു. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ മിസൈല്‍ പതിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിച്ച ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ്‍ സൂക് യോള്‍ മിസൈല്‍ ആക്രമണത്തെ അപലപിച്ചു. ഹാലോവന്‍ ദിനത്തില്‍ 156 പേര്‍ മരിച്ചതിന്റെ ദുഃഖത്തില്‍ രാജ്യം കഴിയുമ്ബോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.