ഗുജറാത്ത് തൂക്കുപാലം ദുരന്തം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം
ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അറ്റകുറ്റപണിക്കായി ടെന്‍ഡര്‍ ക്ഷണിച്ചില്ലെന്നടക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെ അപകടം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനൊരുങ്ങുകുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ, അപകടം നടന്ന മോര്‍ബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തും.
ബി.ജെ.പി ഭരിക്കുന്ന പ്രാദേശിക ഭരണകൂടത്തിന് ഉള്‍പ്പെടെ സംഭവിച്ച ഗുരുതര വീഴ്ചയാണ് ദുരന്തം സൃഷ്ടിച്ചതെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. ഇത് മുന്നില്‍കണ്ട് ദുരന്തത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പി തുടക്കത്തില്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഇന്ന് മോര്‍ബിയിലെ അപകട സ്ഥലം സന്ദര്‍ശിക്കുന്നത്. ഇന്നലെയും മോദിയുടെ റാലികള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് നടത്താനിരുന്ന റാലികളും റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിനാണെന്ന് എന്‍.സി.പിയും ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള സമ്മര്‍ദം വര്‍ധിച്ചതോടെ അറ്റകുറ്റപണി കരാറുകാരെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് ഗുജറാത്ത് പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ, ഇന്നലെ നിര്‍ത്തിവച്ച ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നു രാവിലെ പുനരാരംഭിക്കുമെന്നാണ് വിവരം. സംഭവത്തില്‍ മരണസംഖ്യ 140 കടന്നിട്ടുണ്ട്. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്. മച്ചു നദിയില്‍ പാലം സ്ഥിതിചെയ്തിരുന്ന ഭാഗം ചെളിക്കെട്ടാണ്. ഇത് തിരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെകൂടി പിന്‍ബലത്തിലാണ് മോര്‍ബിയില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്.