
വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തുവകകള്‍ വാങ്ങാം; അനുമതി നല്‍കി ഷാര്‍ജ
ഷാര്‍ജ: വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തുവകകള്‍ വാങ്ങാന്‍ അനുമതി നല്‍കി ഷാര്‍ജ. ഇതിനായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു.ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിയമഭേദഗതിക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം. യുഎഇ പൗരന്റെ പാരമ്ബര്യ സ്വത്തില്‍ നിയമനുസൃതം അവകാശമുള്ള വിദേശ പൗരനും ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിലാണ് നിയമ ഭേദഗതി.
ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തുവകകള്‍ വാങ്ങാനാകൂ. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ കഴിയും. ഉടമയുടെ വിദേശ പൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തില്‍ വസ്തുവകകള്‍ കൈമാറാനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശം, ഉയര്‍ന്ന ഓഹരി വിഹിതം എന്നിവയും നിയമ നടപടികള്‍ പാലിച്ച് വിദേശ പൗരന് നല്‍കാം.