ഗുജറാത്തിലെ വിദേശ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം;നടപടി 1955ലെ നിയമം അനുസരിച്ച്
ന്യൂഡല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തി, ഗുജറാത്തിലെ രണ്ടു ജില്ലകളിലായി താമസിക്കുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്താനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.1955ലെ പൗരത്വ നിയമം അനുസരിച്ചാണ് നടപടി.
പൗരത്വ നിയമ ഭേദഗതി (2019) പാസാക്കിയെങ്കിലും ഇനിയും ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ്, 1955ലെ നിയമം അനുസരിച്ച് പൗരത്വം നല്‍കാനുള്ള തീരുമാനം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കു പൗരത്വം നല്‍കാമെന്നാണ് പുതിയ പൗരത്വ നിയമത്തിലും നിര്‍ദേശിക്കുന്നത്.
ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ താമസിക്കുന്ന വിദേശികള്‍ക്കു പൗരത്വം നല്‍കാന്‍ തീരുമാനിച്ചതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. അര്‍ഹരായവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കണം. അപേക്ഷയില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനം പറയുന്നു.
പരിശോധനയില്‍ തൃപ്തികരമെന്നു കണ്ടെത്തിയാല്‍ കലക്ടര്‍ക്കു തന്നെ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാം. പരിശോധനയ്ക്കു വേണ്ടിവന്നാല്‍ ബന്ധപ്പെട്ട ഏജന്‍സികളെ സമീപിക്കാമെന്നും വിജ്ഞാപനം പറയുന്നു.