ബീഹാറില്‍ ഛത് പൂജ ആഘോഷത്തിനിടെ 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മുങ്ങി മരിച്ചു
പട്ന: ഞായറാഴ്ച മുതല്‍ നടന്നു വരുന്ന ഛത് പൂജ ആഘോഷത്തിനിടെ ബീഹാറില്‍ വിവിധ ജില്ലകളിലെ വിവിധ നദികളിലും ജലാശയങ്ങളിലുമായി 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മുങ്ങി മരിച്ചു.
പട്ന, മുസാഫര്‍പൂര്‍, സഹര്‍സ, സുപൗള്‍, ഭഗല്‍പൂര്‍, മധുബാനി, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്.
പട്നയില്‍ ഒമ്പതും 10 ഉം 13ഉം പ്രായമുള്ള ആണ്‍കുട്ടികളാണ് ചക് റഹിമ ഗ്രാമത്തിന് സമീപത്തെ ദര്‍ധ നദിയില്‍ മുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഭഗല്‍പൂര്‍ ജില്ലയിലെ സലിം തോലയിയില്‍ കുളിക്കുന്നതിനിടെ 12 വയസുകാരന്‍ മുങ്ങിമരിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് കുളത്തില്‍ നിന്ന് കണ്ടെത്തി. ബിഹ്പൂരിലെ ഹരിയോ കോസി ത്രിമൂണ്‍ ഘട്ടില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.
സുപോളില്‍ ബക്കൂര്‍ ഗ്രാമത്തില്‍ 10 വയസുകാരന്‍ ഛത് പൂജക്ക് ശേഷം നദിയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ചന്ദേല്‍ മരീചയില്‍ കോസി നദിയില്‍ കളിക്കുന്നതിനിടെ മുങ്ങിമരിച്ച അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച, പാത്ര ഉത്തര്‍ പഞ്ചായത്തിലെ 15 വയസ്സുള്ള ആണ്‍കുട്ടി മുങ്ങിമരിച്ചു. പൂര്‍ണിയ ജില്ലയിലെ ദോഗ്ചി കോസി ധറിലെ ഛാത്ത് ഘട്ടില്‍ കുളിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്.