
ക്വാറന്റൈനും പിസിആര്‍ ടെസ്റ്റും വേണ്ട; എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് സൗദി
റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും ശനിയാഴ്ച മുതല്‍ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കി.
ഇനി ഒരു രാജ്യത്തിനും കോവിഡിന്റെ പേരില്‍ യാത്രാ വിലക്കില്ല. വായു സഞ്ചാരമുള്ള തുറന്ന സ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. അതേസമയം കച്ചവട സ്ഥാപനങ്ങള്‍, അടച്ചിട്ട വാഹനങ്ങള്‍, ജോലി സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പള്ളികള്‍ തുടങ്ങി അടച്ചിടപ്പെടുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചിരിക്കണം.മക്ക ഹറം മസ്ജിദില്‍ നമസ്കാരത്തിന് പ്രവേശിക്കാനുള്ള അനുമതി പത്രവും മദീന മസ്ജിദില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പ്രത്രവും വേണമെന്ന നിബന്ധനയും പിന്‍വലിച്ചു. ഉംറക്കും മദീനാ മസ്ജിദിലെ പ്രത്യേക സ്ഥലമായ റൗദ ശരീഫില്‍ നിസ്കരിക്കാനും തവക്കല്‍നാ വഴിയോ ഇഹ്ത്തമര്‍നാ വഴിയോ പ്രത്യേക അനുമതി പത്രം നേടിയിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികള്‍ പിന്‍വലിച്ച സ്ഥിതിക്ക് സ്റ്റേഡിയങ്ങളും ആരോഗ്യ കായിക കേന്ദ്രങ്ങളും അവയുടെ പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കായിക മന്ത്രാലയവും വ്യകത്മാക്കി. പൊതു ഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്ക്ക് ധരിക്കല്‍ നിര്‍ബ്ബന്ധമാണെന്നു പൊതുഗതാഗത ജനറല്‍ അതോറിറ്റി അറിയിച്ചു.