രവീന്ദ്രന് പട്ടയം റദ്ദാക്കാന്‍ നടപടി തുടങ്ങി; തെളിവെടുപ്പ് നാളെ മുതല്‍
തൊടുപുഴ: 23 വര്‍ഷം മുമ്ബ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജില്‍ വിതരണം ചെയ്ത വിവാദ രവീന്ദ്രന് പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി ആദ്യഘട്ട തെളിവെടുപ്പ് ശനിയാഴ്ച ആരംഭിക്കും. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്കാന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യസംഘം ചുമതലയേറ്റു.
1999ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രന് താലൂക്കിലെ ഒമ്ബത് വില്ലേജിലെ 4251 ഹെക്ടര്‍ സ്ഥലത്തിന് നല്കിയ 530 പട്ടയമാണ് അനധികൃതമെന്ന് കണ്ടെത്തി റദ്ദാക്കാന്‍ ഉത്തരവായത്.ജനുവരി 18ന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ റവന്യുവിഭാഗം. ശനിയാഴ്ച ദേവികുളം ആര്.ഡി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന തെളിവെടുപ്പില്‍ മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ രവീന്ദ്രന് പട്ടയം ലഭിച്ചവരും നിലവില്‍ ഈ ഭൂമി കൈവശം വെച്ചവരും പങ്കെടുക്കും.
കുഞ്ചിത്തണ്ണി വില്ലേജിലേത് മാര്‍ച്ച് 14ന് നടക്കും. മറ്റ് വില്ലേജുകളിലെ പരിശോധന നടപടി പൂര്‍ത്തിയാകുന്ന മുറക്ക് തെളിവെടുപ്പ് തീയതി തീരുമാനിക്കുമെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.ഒമ്പത് വില്ലേജിലെയും രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയശേഷമേ പുതിയ പട്ടയം അനുവദിക്കുന്ന നടപടി ആരംഭിക്കൂ. അതേസമയം, പട്ടയങ്ങളില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന് എന്ന നിലയില്‍ തന്റെ ഭാഗം കൂടി കേട്ട ശേഷമേ റദ്ദാക്കല്‍ നടപടി ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് എം.ഐ. രവീന്ദ്രന് ഇടുക്കി കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അപേക്ഷ സ്വീകരിച്ചതായോ നിരസിച്ചതായോ മറുപടി ലഭിച്ചിട്ടില്ലെന്നും വിശദീകരണം ചോദിച്ചാല്‍ എഴുതി നല്‍കുമെന്നും രവീന്ദ്രന് പറഞ്ഞു. സി.പി.എം-സി.പി.ഐ തര്‍ക്കമാണ് ഇപ്പോഴത്തെ വിഷയം. രവീന്ദ്രന് പട്ടയങ്ങള്‍ ക്രമവത്കരിച്ച് നല്കാന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു.തീരുമാനം അട്ടിമറിച്ചത് കൈയേറ്റക്കാരെ സഹായിക്കാനെന്നും തന്റെ നെഞ്ചില്‍ ചവിട്ടി അത് വേണ്ടെന്നും രവീന്ദ്രന് പറഞ്ഞു. അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല തന്ന് പട്ടയം നല്കാന് നിര്‍ദേശിച്ചത് അന്നത്തെ കലക്ടറാണ്.കലക്ടറുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. കലക്ടര്‍ക്ക് കത്ത് നല്കാന് എത്തിയപ്പോള്‍ ഉത്തരവാദപ്പെട്ട ചില റവന്യൂ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൗരന് എന്ന പരിഗണനപോലും നല്‍കിയില്ലെന്നും രവീന്ദ്രന് പറഞ്ഞു.